തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തുകയും അമ്മാവനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ് (31) പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റ അമ്മാവൻ വർഗീസ് (50) ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഷൈനുവിന്റെ വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റമാണ് സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആഘോഷത്തിന് പിന്നാലെ ഷൈനുവും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. അത് പരിഹരിക്കാൻ ഇടപെട്ട അമ്മയും അമ്മാവനും ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ ഷൈനു കത്തികൊണ്ട് വർഗീസിനെ കുത്തുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ തോമസ് എബ്രഹാമിനെ ഷൈനു കസേര കൊണ്ട് ആക്രമിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്ക് കാരണം അദ്ദേഹം നിലത്ത് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ അന്തിമ സ്ഥിരീകരണം ഉണ്ടാകൂ. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.




