ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയിലും മുന്നണിയിലും ഐക്യവും ഒത്തൊരുമയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയും സോണിയ ഗാന്ധി ഉറപ്പുനൽകി.
ഇതിനു പിന്നാലെ ഡി കെ ശിവകുമാർ സോണിയ ഗാന്ധിയോട് നന്ദി രേഖപ്പെടുത്തി. കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ചടങ്ങിൽ 11 മന്ത്രിമാർ ചുമതലയേൽക്കും.
മന്ത്രിസഭയിൽ മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടാതെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം സമീർ അഹമ്മദ്, എൻ എ ഹാരിസ് എന്നിവരുടെ പേരുകൾ പട്ടികയിൽ ഇല്ലാത്തത് ശ്രദ്ധേയമാണ്.






