തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026ന്റെ ഭാഗമായി കരട് വോട്ടർപട്ടികയിലെ വിവരങ്ങൾ പങ്കുവെക്കുന്നതിനും തുടർനടപടികൾ വിശദീകരിക്കുന്നതിനുമായി ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവർത്തനക്രമവും ജില്ലാകളക്ടർ യോഗത്തിൽ വിശദമായി അവതരിപ്പിച്ചു. കരട് വോട്ടർപട്ടികയുടെ പരിശോധന, തെറ്റുകൾ തിരുത്തൽ, പുതിയ വോട്ടർമാരുടെ ചേർക്കൽ, മരണമോ സ്ഥലംമാറ്റമോ മൂലമുള്ള ഒഴിവാക്കലുകൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ പ്രാധാന്യവും വ്യക്തമാക്കി.
കരട് പട്ടികയുടെ രണ്ട് പകർപ്പുകൾ—ഒന്ന് പ്രിന്റ് ചെയ്തതും മറ്റൊന്ന് സോഫ്റ്റ് കോപ്പിയുമായി—എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും സൗജന്യമായി നൽകുമെന്ന് അറിയിച്ചു. ഇതിൽ പ്രിന്റ് ചെയ്ത ആദ്യ പകർപ്പ് യോഗത്തിൽ തന്നെ പാർട്ടി പ്രതിനിധികൾക്ക് വിതരണം ചെയ്തു.
വോട്ടർപട്ടിക പുതുക്കൽ നടപടികൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ജനാധിപത്യ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ഘട്ടമായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.




