കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് 19 വർഷം കഠിന തടവും 50,000 രൂപ പിഴയും.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുന്നേൽ വീട്ടിൽ 41 വയസ്സുള്ള സുനിൽകുമാർ കെ.കെ. എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് ശ്രീമതി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ, 40,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം, എസ്.സി/എസ്.ടി. ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024 മാർച്ച് 28-ന് നടന്ന സംഭവത്തിൽ മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന ത്രിദീപ്ചന്ദ്രൻ കേസ് രജിസ്റ്റർ ചെയ്യുകയും, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. ആയിരുന്ന അനിൽകുമാർ എം. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയെ മുണ്ടക്കയം പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിലാണ് ഹാജരായത്.




