തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 61-കാരിയായ വീട്ടമ്മയുടെ കൈവിരൽ നായ കടിച്ചെടുത്ത സംഭവമാണ് പ്രദേശത്ത് ആശങ്ക പരത്തിയത്. പൂവച്ചൽ പേഴുമട്ട് പ്രദേശത്താണ് സംഭവം.
പരിക്കേറ്റവരിൽ ഓമന (61), സമീപവാസികളായ ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67) എന്നിവരാണ് ഉൾപ്പെടുന്നത്. ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിൽ നഷ്ടമായത്.
വീട്ടിനുള്ളിൽ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
ആക്രമണം നടത്തിയ നായയെ പിന്നീട് സമീപ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നോയെന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു.
പൂവച്ചൽ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.




