കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. ഇവർക്ക് വാഹനമോടിക്കാൻ നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും നിയമനടപടി സ്വീകരിക്കും. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ പരിധിയിലുള്ള ആറു ജില്ലകളിൽ നടത്തിയ ഏകദിന പ്രത്യേക പരിശോധനയിൽ 51 പേർക്കെതിരെയാണ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തത്. ഡി.ഐ.ജി കെ. കാർത്തിക്കിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന.
കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 14 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കാസർകോട് 13, കണ്ണൂർ സിറ്റി 12, കണ്ണൂർ റൂറൽ ആറ്, കോഴിക്കോട് സിറ്റി അഞ്ച്, വയനാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കേസുകളുടെ എണ്ണം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി.




