ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സമരം. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ക്ലാസ് തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതിയായ പഠന സൗകര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
കിറ്റ്‌കോയാണ് പണികള്‍ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്‌സിജന്‍ അടക്കമുള്ളവയെത്തിക്കാന്‍ സ്ഥാപിച്ച പൈപ്പുകളുടെ സ്ഥാനം മാറിയതിനെ തുടര്‍ന്ന് ഇവ മാറ്റുന്ന പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മൂന്നരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഈ പണികള്‍ തീരാതെ ഉപകരണങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. വൈദ്യുതി എത്തിക്കാനുള്ള 11 കെവി ലൈനിന്റെ പണികളും തുടങ്ങിയിട്ടില്ല.മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലെ റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.










