കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം തങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ജാതിയുടെയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ പരിഹസിച്ചിരുന്നതായും വിദ്യാർഥിനിയായ നയന നിഷികാന്ത് വെളിപ്പെടുത്തി.
പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉത്തരക്കടലാസുകൾ വലിച്ചെറിയുക, വൈവ തടസ്സപ്പെടുത്തുക തുടങ്ങിയ ക്രൂരമായ നടപടികൾ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. തനിക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികളെ ആൺകുട്ടികളെ വിട്ട് മർദിപ്പിക്കാറുണ്ടെന്നും നയന ആരോപിച്ചു. രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കുന്നതും ഇയാളുടെ പതിവാണ്.
ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു വർഷം മുൻപ് വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയെത്തുടർന്ന് ഡോ. റാമിനെ രണ്ടു മാസം സസ്പെൻഡ് ചെയ്തിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോ. റാമിനും ഡോ. സംഗീത നമ്പ്യാർക്കുമെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് അവസാന വർഷ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് കോളജിന് നിലവിൽ അവധി നൽകിയിരിക്കുകയാണ്.




