തിരുവനന്തപുരം: പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാന് എന്ന ആറ് വയസുകാരന്റെ മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയമകന്, ആറു വയസ്സുകാരന് സുഹാന്റെ വിയോഗം അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്.
ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ്തൗഹിത ദമ്പതികളുടെ ഇളയമകന് സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുളത്തിന് നടുവില്‍ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയില്‍ കണ്ടത്. ഇത്രയും ദൂരം കുട്ടി എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.










