ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻദിനം വോട്ടിന് പണം വിതരണം ചെയ്തതായി ആരോപിച്ച് വ്യാപക പരാതികൾ. വിവിധ ഇടങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചു. മൈലാപ്പൂരിൽ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് 2 കോടി രൂപ പിടിച്ചെടുത്തു. ഇതിനെ തുടർന്ന് വേലുവിനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, കോയമ്പത്തൂർ സൗത്തിൽ മത്സരിക്കുന്ന വി. സെന്തിൽ ബാലാജിയുടെ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. അർജുനൻ ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. വോട്ടിന് പണം നൽകുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് സെന്തിൽ ബാലാജി പ്രതികരിച്ചു.
നിശബ്ദ പ്രചാരണ ദിവസത്തിൽ ടിവികെ ഓൺലൈനിൽ വലിയ പ്രചാരണം നടത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് ഡിഎംകെ അനുഭാവികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും നാളെ രാവിലെ 7 മണിക്ക് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും.






