ലക്ക്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ച പുറത്തുവന്ന സംഭവത്തിൽ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധ്യാപകൻ വിദ്യാർഥിനിയെ സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുകൊണ്ടുപോയി മോശമായി പെരുമാറിയിരുന്നു. സംഭവം ആരോടും പറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ മറ്റ് അധ്യാപകരും ജീവനക്കാരും എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അധ്യാപകൻ അവരുമായി തർക്കത്തിലേർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ ഉടൻ സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ ബേസിക് വിദ്യാഭ്യാസ ഓഫീസർ മനീഷ് കുമാർ സിംഗ് അറിയിച്ചു. പെൺകുട്ടികളുടെ സുരക്ഷയും സ്കൂളിലെ പഠനാന്തരീക്ഷവും മുൻനിർത്തിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ നവനഗർ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ പങ്കജ് കുമാർ സിംഗിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. 15 ദിവസത്തിനകം വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.




