കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്രവാദ ബന്ധം ആരോപിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്ത ഹമീം മൊണ്ടാലിനെതിരെ അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഹമീം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സുരക്ഷയും യാത്രകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാൾ ശ്രമിച്ചതായും എസ്‌ടിഎഫ് വ്യക്തമാക്കി.
ഹമീമിന്റെ സുഹൃത്തായ അർപിത സർക്കാരിനെ നേരത്തെ ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനും ഇവർ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഡൽഹിയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ വ്യാജ പൊലീസ് വേഷത്തിൽ പങ്കെടുക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഹമീം പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഹമീം മൊണ്ടാലിനെ എസ്‌ടിഎഫ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീവ്രവാദ ബന്ധമുള്ള മറ്റ് ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഹമീമും അർപിതയും പരിചയപ്പെട്ടതെന്നും പിന്നീട് ഇരുവരും ചേർന്ന് വിവിധ ഗൂഢാലോചനകൾ നടത്തിയതായി സംശയിക്കുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




