തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ മന്ത്രിസഭ രൂപീകരിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവങ്കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായെന്നാണ് ആരോപണം. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും മറ്റ് തയ്യാറെടുപ്പുകളും വൈകുന്നതായും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങളുടെ അച്ചടി, വിതരണം തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിതല ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക പരിശീലന രംഗത്തും പ്രശ്നങ്ങൾ നിലനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ എസ്‌എസ്‌കെയ്ക്കുള്ള ഫണ്ട് നിർത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക സഹായത്തോടെയാണ് മുൻപ് പരിശീലനവും ജീവനക്കാരുടെ ശമ്പളവും ഉറപ്പാക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് പോകാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും പുതിയ മന്ത്രിസഭ ഉടൻ നിലവിൽ വരണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.






