തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ഇന്നുണ്ടായേക്കുമെങ്കിലും സമയം ഇപ്പോഴും വ്യക്തമല്ല. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ കെസി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. നേരത്തേ ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ അത് നാല് മണിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി ഓഫീസ് പരിസരത്ത് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകുമെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അടിയന്തിരമായി വിളിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാലിനെ തലസ്ഥാനത്ത് സ്വീകരിക്കാന്‍ അനുയായികള്‍ ഒരുങ്ങിയിട്ടുണ്ട്. പ്രഖ്യാപനം വന്നാല്‍ പ്രതിഷേധമോ അതിരുകടന്ന ആഘോഷങ്ങളോ പാടില്ലെന്ന് കെ സി ക്യാമ്പിന് നിര്‍ദേശം നല്‍കി.






