മലപ്പുറം: താൾക്കൊല്ലി ഉൾവനത്തിൽ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ്സ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. താൾക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീൽഡ് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ നിയോഗിച്ച സംഘമാണ് ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. വനംവകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വന്യജീവി വിദഗ്ധൻ ഡോ. അനൂപ് ദാസ്, എൻ.ജി.ഒ പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
ആനയുടെ മരണകാരണം വ്യക്തമാകാത്തതിനെ തുടർന്ന് ആന്തരാവയവങ്ങൾ ശേഖരിച്ചു കൂടുതൽ പരിശോധനയ്ക്കായി അയച്ചു. കരുളായി റേഞ്ച് ഓഫീസർ പി. കെ. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസർമാരായ ശിഹാബ്, അഷ്‌റഫലി, സുധാകരൻ, ഷിജു ടി. കുറുപ്പ് എന്നിവർ നടപടികൾ പൂർത്തിയാക്കി.




