കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിർമ്മാണം തടസപ്പെടുത്തി കോടതിയിൽ കേസ് നൽകിയ ഏറ്റുമാനൂർ വികസന സമിതി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. വികസന സമിതിയുടെ പ്രമുഖ നേതാവായ ശ്രീശങ്കരം ഉദയകുമാർ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് തീർത്ഥാടകർക്കായി നിർമ്മിക്കുന്ന പ്രിൽഗ്രിം ഷെൽട്ടറിനെതിരെ (ചിറപ്പ് മണ്ഡപം) വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഉദയകുമാർ ആയിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്. നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയതും ഇദ്ദേഹമായിരുന്നു.
കോടതി നടപടികളെത്തുടർന്ന് നിർമ്മാണം തടസ്സപ്പെട്ടതോടെ, വർഷങ്ങളായി ചിറപ്പ് മണ്ഡപത്തിൽ നടന്നുവന്നിരുന്ന പ്രശസ്തമായ ചിറപ്പ് ഉത്സവം ഇത്തവണ കല്യാണമണ്ഡപത്തിന് സമീപം ഒരുക്കിയ താത്ക്കാലിക ഷെഡിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.




