തിരുവനന്തപുരം : പാലോട്ടെ കെഎസ്ആർടിസിയുടെ ഭൂമിയും ബസ് ഗാരേജും ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. തെങ്കാശിപ്പാതയിൽ മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജുമാണ് കാടുകയറുന്നത്. ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നന്ദിയോട് പഞ്ചായത്തിൽ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലേക്ക് ഡിപ്പോ മാറ്റിയത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്.
വാമനപുരം ആറിന്റെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. എന്നാൽ ഇപ്പോൾ ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണ്. കതകുകളും ജനലുകളും പലകാലങ്ങളിലായി മോഷണം പോയി. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ് ഗാരേജ്.
സമൂഹവിരുദ്ധ കേന്ദ്രം : കാടു കയറിയ പഴയ കെട്ടിടം അനധികൃത വാഹന പാർക്കിങ് കേന്ദ്രമാണിപ്പോൾ. ചരക്കു ലോറികൾ ഉൾപ്പെടെ ഇവിടെയാണ് പാർക്കു ചെയ്യുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലുമുള്ളവരും ഭയപ്പാടോടെ കഴിയേണ്ട സ്ഥിതിയാണ്. സന്ധ്യയായാൽ ഇവിടം സമൂഹവിരുദ്ധരുടെ താവളമാണ്.
തകർന്നടിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരുടെ നടുവൊടിക്കുന്ന നിലയിലാണ് നിലവിൽ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് കെഎസ്ആർടി സി ഡിപ്പോ. നാട്ടുകാർ വാങ്ങിനൽകിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഡിപ്പോയുടെ ഗ്രൗണ്ട് മഴക്കാലമായതോടെ ചെളിക്കുഴികളായി. ദീർഘദൂരയാത്രകൾ കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയില്ല. ചുറ്റുമതിലുകൾ ഇല്ലാത്തതിനാൽ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമുണ്ട്.
അടിസ്ഥാനസൗകര്യങ്ങളോ ബസ് കഴുകുന്നതിനുള്ള സൗകര്യമോ ഇവിടെയില്ല. ജനങ്ങൾക്കു പ്രയോജനകരമായി ഓടിക്കൊണ്ടിരുന്ന നിരവധി സർവീസുകൾ വെട്ടിക്കുറച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുപോലും നേരിട്ട് ഇവിടെ നിന്നും ബസ് സർവീസില്ല.
രാത്രി 7 മണിക്കുശേഷം തിരുവനന്തപുരം ഭാഗത്തേക്ക് അടക്കം സർവീസുകൾ ഇല്ല. 9 മണിക്ക് തെങ്കാശിയിൽനിന്നു വരുന്ന ബസ് മാത്രമാണ് ആശ്രയം. ആദിവാസി മേഖലകളിലടക്കം വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്.
ഇനി ചെയ്യാൻ കഴിയുന്നത് പാലോട്ടെ പഴയ കെഎസ്ആർടിസി കെട്ടിടവും സ്ഥലവും, കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് പാലോട്ടുകാർക്ക് പ്രതീക്ഷയേകുന്നത്. ഏകദേശം മൂന്നേക്കറോളം സ്ഥലമാണ് ഇവിടെയുള്ളത്. ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ തയ്യാറായാൽ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.




