കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. ഇതോടെ പ്രദേശവാസികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർക്ക് യാത്ര ദുരിതമായി. മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സമീപത്തെ സ്കൂളിലേക്കും പോകാനെത്തിയ പലരും മറുകരയിൽ കുടുങ്ങി.
തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള പ്രധാന പ്രവേശന മാർഗവും ഇതായിരുന്നു. പുഴയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ചപ്പാത്ത് ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
തുരങ്കപാത നിർമാണ സ്ഥലത്തേക്ക് സാമഗ്രികൾ എത്തിക്കുന്നതിനായി പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തികൾ നീണ്ടുപോകുന്നതിനാലാണ് യാത്രാസൗകര്യത്തിനായി താൽക്കാലിക ചപ്പാത്ത് നിർമിച്ചിരുന്നത്.
മഴക്കാലം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് മലവെള്ളപ്പാച്ചിലിൽ ഈ താൽക്കാലിക ചപ്പാത്ത് ഒലിച്ചുപോകുന്നത്. ഇതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതവും നിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുന്ന സാഹചര്യം വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.












