അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുന്ന ദൃശ്യങ്ങളില്‍ നടുങ്ങി തരിച്ചു നില്‍ക്കുകയാണ് രാജ്യം.വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതെന്നത് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉച്ചനേരത്താണ് അപകടമുണ്ടാവുന്നത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്ന വിദ്യാര്‍ഥികളും ഡോക്ടര്‍ ട്രെയ്നികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടിരുന്നു.ധാരാളം ആളുകളുള്ള ജനവാസ മേഖലയായിരുന്നെന്നതിനാല്‍ ദുരന്തബാധിതരുടെ എണ്ണവും കൂടുതലാണ്. വിമാനം വീണ പ്രദേശത്തെ നിരവധി ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും അടക്കം കത്തിയമര്‍ന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതൊഴിച്ചാല്‍ ആശ്വാസ വാര്‍ത്തകളൊന്നുമില്ല. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും മരിച്ചവരിലുണ്ടെന്നു സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ രാത്രിയിലും പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു.അപകട ദൃശ്യങ്ങളില്‍ നിന്ന് ഒരു കാര്യം ഉറപ്പായിട്ടുണ്ട്. രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്ന് ഇതായിരിക്കും.
എന്താണ് ഈ അപകടത്തിനു കാരണമെന്നത് വ്യക്തമാകേണ്ടതുണ്ട്. റണ്‍വെയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ വിമാനം കൂടുതല്‍ ഉയരത്തിലേക്കു പറക്കാനാവാതെ പെട്ടെന്നു താഴേക്ക് വീണത് എന്തുകൊണ്ടാവാമെന്ന് അന്വേഷണത്തിലാണു കണ്ടെത്തേണ്ടത്. എന്‍ജിന്‍ തകരാറും പക്ഷി ഇടിച്ചതും അടക്കം അപകടത്തിനു പല സാധ്യതകളും വിദഗ്ധര്‍ പറയുന്നു.ഏറെ പരിചയമുള്ള പൈലറ്റാണു വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളായിരുന്നു പൈലറ്റ്. 8,200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ട് അദ്ദേഹത്തിന്. സഹ പൈലറ്റ് ക്ലൈവ് കുന്ദര്‍ 1,100 മണിക്കൂര്‍ പറക്കല്‍ അനുഭവമുള്ളയാളാണ്. ഇവരുടെ പിഴവു കൊണ്ട് അപകടമുണ്ടാവാനുള്ള സാധ്യത വിദഗ്ധര്‍ കാണുന്നില്ല.
പറന്നുയര്‍ന്ന ഉടന്‍ വന്‍ അപകട സൂചനയുള്ള ഒരു സന്ദേശം പൈലറ്റ് നല്‍കി എന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എയര്‍ ട്രാഫിക് കണ്‍ട്രോളിനു തിരിച്ചു പ്രതികരിക്കാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ ദുരന്തം സംഭവിച്ചു. ദീര്‍ഘയാത്രയ്ക്കായി നിറയെ ഇന്ധനവുമായി പറന്നുയര്‍ന്ന ഉടനാണ് അപകടമെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്‍മാരുണ്ട്. ഏഴു പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനുമാണ് യാത്രക്കാരില്‍ ഉണ്ടായിരുന്നത്.
2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാരടക്കം 21 പേര്‍ മരിച്ചതിനു ശേഷം, രാജ്യത്തുണ്ടാവുന്ന വലിയ വിമാനാപകടം ഇതാണ്.രണ്ടായിരത്തിനു ശേഷമുണ്ടായ മറ്റൊരു വലിയ വിമാനാപകടം മംഗലാപുരത്തായിരുന്നു. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 2010 മേയ് 22ന് മംഗലാപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ് 158 പേരാണു മരിച്ചത്.
1996 നവംബറില്‍ ഹരിയാനയിലെ ചര്‍ഖി ദാദ്രിക്കു സമീപം സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിച്ച് 349 പേര്‍ മരിച്ചതടക്കമുള്ള അപകടങ്ങള്‍ രണ്ടായിരത്തിനു മുന്‍പ് രാജ്യത്തുണ്ടായിട്ടുണ്ട്.
അഹമ്മദാബാദില്‍ തന്നെ ഇതിനുമുന്‍പ് വലിയൊരു വിമാനദുരന്തമുണ്ടായി. 1988 ഒക്‌റ്റോബര്‍ 19ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അവിടെ തകര്‍ന്നുവീണു മരിച്ചത് 130 പേരാണ്. മികച്ച സുരക്ഷാ റെക്കോഡുള്ള വിമാനമാണ് ബോയിങ് 787-8 ഡ്രീംലൈനര്‍.ഇന്നലെ അഹമ്മദാബാദിലുണ്ടായ ദുരന്തം ഈ വിമാനത്തിന്റെ വിശ്വാസ്യതയ്ക്കു മേലുള്ള ആദ്യ ആഘാതമാണ്. 2011ലാണ് ആദ്യമായി ഈ മോഡല്‍ കമ്പനി വിപണിയില്‍ ഇറക്കിയത്. 14 വര്‍ഷത്തിനിടെ ഈ ശ്രേണിയിലുള്ള നിരവധി വിമാനങ്ങള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. മുന്‍പ് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയാവുന്ന ഒരപകടം ഇതാദ്യമാണ്.
ആധുനിക വിമാനങ്ങള്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മെച്ചപ്പെട്ടവയാണ്. സുരക്ഷയുമായി ബന്ധപ്പെട്ടു വിശ്വാസ്യത കൂടുതലുമാണ്. ആ വിശ്വാസ്യത നിലനില്‍ക്കുവാന്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കേണ്ടതുണ്ട്.




