തൃശ്ശൂർ: 18 വയസ്സ് തികയാത്തവർക്കു മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയർത്തിയതോടെ മറ്റുള്ളവർ വാങ്ങിനൽകുന്നതു തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ കേസെടുക്കാൻ എക്സൈസിന് അധികാരമില്ലെന്നു ഡപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാർ അറിയിക്കുകയായിരുന്നു.
അബ്കാരി നിയമത്തിലെ സെക്‌ഷൻ 15 എ പ്രകാരം 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനവും സെക്‌ഷൻ 15 ബി പ്രകാരം ഇവർക്ക് മദ്യം വിൽക്കുന്നതും 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്‌ഷൻ 77 പ്രകാരം 18 വയസ്സിനു താഴെയുള്ളവർക്കു മദ്യം നൽകുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്. എന്നാൽ മദ്യം നൽകുന്നവർക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരിട്ടു കേസെടുക്കാനോ നടപടി സ്വീകരിക്കാനോ നിലവിൽ വകുപ്പിനെ അധികാരപ്പെടുത്തിയിട്ടില്ലെന്നു മറുപടിയിൽ വിശദീകരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനകളും യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണവുമാണു നിലവിൽ എക്സൈസ് വകുപ്പ് നടപ്പാക്കി വരുന്നത്. മദ്യ ഉപയോഗത്തിനു നിശ്ചയിച്ചിട്ടുള്ള പ്രായപരിധിക്കു താഴെയുള്ളവർക്കു മദ്യം നൽകുന്നവർക്കെതിരെ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.











