ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിക്കുറയ്ക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മൂന്നാം പ്രസവത്തിന് മൂന്ന് മാസം മാത്രം അവധി നൽകുന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ആദ്യ രണ്ട് പ്രസവങ്ങളിൽ ലഭിക്കുന്നതുപോലെ 365 ദിവസത്തെ അവധി മൂന്നാം പ്രസവത്തിനും അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മൂന്നാമതും ഗർഭംധരിക്കുന്ന സ്ത്രീകളോട് വിവേചനം കാണിക്കാനാകില്ലെന്നും സർക്കാർ ഉത്തരവിന് യുക്തിസഹമായ നീതീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്ന വേദന ഒരുപോലെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം സ്ത്രീയുടെ അടിസ്ഥാനാവകാശമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഴുപ്പുറം ജില്ലാ കോടതി ജീവനക്കാരിയായ ഷായി നിഷ നൽകിയ ഹർജിയിലാണ് വിധി. നിഷയ്ക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.




