തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് പുതുജീവൻ പകർന്ന് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനം ഏറെക്കാലമായി കാത്തിരിക്കുന്ന ഇരു പദ്ധതികളുടെയും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായുള്ള സാധ്യതാ പഠന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ നഗര ഗതാഗത സംവിധാനത്തെ ആധുനികവത്കരിക്കുകയും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. വിവിധ സർക്കാരുകൾ പ്രഖ്യാപിച്ചെങ്കിലും വർഷങ്ങളായി നടപ്പാകാതെ കിടന്നിരുന്ന പദ്ധതികളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിർമാണ ചുമതല നേരത്തെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) കൈമാറിയിരുന്നു. പദ്ധതിയുടെ ഭാഗമായി കടന്നുപോകുന്ന പ്രദേശങ്ങളിലെ മൂന്ന് മേൽപ്പാലങ്ങളുടെ നിർമാണവും കെഎംആർഎല്ലിനെ ഏൽപ്പിക്കാനായിരുന്നു മുൻ ധാരണ.
പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വീണ്ടും ശക്തമായിരിക്കുകയാണ്.





