തൃശൂർ: കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ മാറ്റിവെച്ച സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ എസ്ഡിപിഐക്ക് പിന്തുണ നൽകിയതായി ആരോപണം. വികസന സ്ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗമായ ഷഹീദിന് നാല് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഏഴാം വാർഡ് അംഗം ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. നടന്ന വോട്ടെടുപ്പിൽ ഷഹീദിന് ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ്ഡിപിഐ അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്തു.
മുന്‍പ് പ്രസിഡന്റ്–വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ്, രണ്ട് അംഗങ്ങളുള്ള എസ്ഡിപിഐയുടെ പിന്തുണയോടെയാണ് അധികാരം പിടിച്ചെടുത്തത്. എസ്ഡിപിഐയുടെ പിന്തുണയെച്ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന്, ഇരുവരും സ്ഥാനങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം കടുത്ത അന്ത്യശാസനം നൽകിയിരുന്നു.
എന്നാൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചും, പുറത്താക്കിയാലും അകത്താക്കിയാലും ഭരണാധികാരം നിലനിർത്തി തുടരാനാണ് ചൊവ്വന്നൂരിലെ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എന്നാണ് സൂചന.




