മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിൽ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബർ സലീമിനും മുസ്തഫയ്ക്കും കൈമാറുന്നതിനിടെയാണ് കരിപ്പൂർ ന്യൂമാൻ ജങ്ഷനിൽ വെച്ച് സംഘം പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അറസ്റ്റിലായ സലീമിനെതിരെ നേരത്തെയും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 2024 മേയിൽ ആന്ധ്രാപ്രദേശിലെ പാലാസ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 100 കിലോഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. 2004 നവംബറിൽ 40 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് തമിഴ്നാട്ടിലെ ചെന്നൈ ഗുമ്മിഡിപൂണ്ടി പൊലീസ് സ്റ്റേഷനിലും സലീമിനെതിരെ കേസുണ്ടെന്ന് എക്സൈസ് അറിയിച്ചു.













