തൃശ്ശൂർ :തൃശ്ശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ബംഗളൂരു–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കേരള ലൈൻസ് ബസും മാരുതി എർട്ടിക കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.59 നാണ് സംഭവം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്കാണ് സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പന്നിത്തടം സെന്ററിൽ അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.
സിഗ്നൽ ലൈറ്റ് 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കണമെന്നും റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഗതാഗതനിയന്ത്രണത്തിൽ അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ അപകടങ്ങൾ തുടരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.




