തൃശൂർ: തൃശൂർ മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തി. ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.
ചലനശേഷിയില്ലാത്തതിനാൽ നേരിട്ട് വായിൽ ഭക്ഷണം നൽകി ഫീഡിംഗ് നടത്തേണ്ട അവസ്ഥയിലായിരുന്നു. ഇന്നലെ ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിച്ച കടുവ രാത്രിയോടെ മരണമടഞ്ഞതായാണ് മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്.
2015-ൽ വയനാട്ടിലെ കാട്ടിക്കുളം പ്രദേശത്ത് നിന്ന് വനവകുപ്പ് പിടികൂടിയതാണ്. അന്ന് ഏകദേശം 15 വയസ് പ്രായമുള്ളതായി കണക്കാക്കിയ കടുവയ്ക്ക് ഇപ്പോൾ 25 വയസ്സ് പ്രായമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും തുടർന്നും സ്വീകരിക്കുമെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.






