മലപ്പുറം: അമ്മയുടെ വേർപാടറിയാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് രണ്ട് കുരുന്നുകൾ. തിരൂർ പൂക്കയിൽ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ജീവൻ നഷ്ടമായപ്പോൾ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്നി (35) ആണ് മരിച്ചത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം.
കൂട്ടായി–തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയിൽ റോഡിലായിരുന്നു അപകടം. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ കുടുങ്ങി. സ്കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്നി ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികൾക്കും പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയിലാണ്. അമ്മയുടെ മരണവിവരം പോലും അറിയാതെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ അവസ്ഥ ബന്ധുക്കളെയും നാട്ടുകാരെയും ഏറെ വേദനിപ്പിക്കുകയാണ്.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്തുന്നതിനും അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് എതിർദിശയിലേക്ക് കയറിയ സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കും.
മരിച്ച തെസ്നിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരൂർ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




