കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വൻ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്. ഭവാനിപുരിൽ കള്ളവോട്ട് നടത്താൻ തൃണമൂൽ കോൺഗ്രസ് 750 വ്യാജ വിരലുകൾ ശേഖരിച്ചതായും, വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൽ ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. ഒരു ടിഎംസി കൗൺസിലർ കൃത്രിമ വിരലുകൾ തയ്യാറാക്കിയതായും സുവേന്ദു പറഞ്ഞു.
വോട്ടർ സ്ലിപ്പുകളിൽ പിഴവുണ്ടായതിനാൽ 3,810 സ്ലിപ്പുകൾ വിതരണം ചെയ്യാനാകാതെ തിരിച്ചുവന്നതായും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ ചില തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് ശക്തമായി നിഷേധിച്ചു. ഇത്തരം കാര്യങ്ങൾ അസാധ്യവും അടിസ്ഥാനരഹിതവുമാണെന്ന് പാർട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്ന ബിജെപിയുടെ ആവശ്യം ടിഎംസി തള്ളിക്കളഞ്ഞു.
ഭവാനിപുര് മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയാണ് സുവേന്ദു അധികാരി മത്സരിക്കുന്നത്. അതേസമയം, 294 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 142 മണ്ഡലങ്ങളിൽ പുരോഗമിക്കുകയാണ്. മെയ് 4നാണ് വോട്ടെണ്ണൽ നടക്കുന്നത്.






