പാലക്കാട്: കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ബിബിനും സഹപ്രവർത്തക സൗമ്യയുമാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതിയെ തുടർന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരും അറസ്റ്റിലായത്.
‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ ഓൺലൈനിൽ പരസ്യം നൽകി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് 75,000 രൂപ പ്രോസസിങ് ഫീസായി ആവശ്യപ്പെടുകയും ഈ തുക കൈപ്പറ്റിയ ശേഷം ബന്ധം വിച്ഛേദിക്കുകയുമായിരുന്നു പ്രതികളുടെ രീതി. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രോസസിങ് ഫീസ് നൽകാൻ കഴിയാത്ത ചില സ്ത്രീകളിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പാലക്കാട്, അമ്പലപ്പുഴ, തമിഴ്നാട് എന്നിവിടങ്ങളിലുൾപ്പെടെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
തട്ടിപ്പിനായി പ്രതികൾ സ്വന്തം സിം കാർഡുകളോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിച്ചിരുന്നില്ല. വഴിയോര കച്ചവടക്കാരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരിലുള്ള സിം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വാടക വീടുകൾ ഇടയ്ക്കിടെ മാറുകയും സഞ്ചരിച്ചിരുന്ന വാഹനങ്ങളും നിരന്തരം മാറ്റുകയും ചെയ്തതിനാൽ പ്രതികളെ കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാന പ്രതിയായ ബിബിൻ നേരത്തെ ഏഴ് കവർച്ചക്കേസുകളിൽ പ്രതിയാണെന്നും ‘ഡാർക്ക് വെബ് ബിബിൻ’ എന്ന പേരിലും അറിയപ്പെടുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ സൗമ്യ മൂന്ന് മാസം ഗർഭിണിയാണെന്നും പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




