തൃശൂർ: പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ബീക്കൺ ലൈറ്റ് തെളിയിച്ച ആംബുലൻസ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ തൃശൂർ മണ്ണുത്തിയിൽ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കൽ സ്വദേശി ഫെയ്ത്തിനെയും അഞ്ചേരി സ്വദേശി സന്ദീപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം സബ് ഡിവിഷൻ പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട ബീക്കൺ ലൈറ്റ് തെളിയിച്ച ആംബുലൻസ് ഉപയോഗിച്ചതിലൂടെ പൊലീസിന്റെയോ മറ്റ് അധികൃതരുടെയോ പരിശോധന ഒഴിവാക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. വഴിയിലൊരിടത്തും വാഹനം തടയപ്പെടാതിരിക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഇതിന് മുമ്പും സമാനരീതിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്ത് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.






