കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. അസം സ്വദേശിയായ 22കാരിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി രാജനും വാഗമൺ സ്വദേശി അർജുനുമാണ് പിടിയിലായത്. സംഭവത്തിൽ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. അർജുന്റെ സഹോദരീഭർത്താവാണ് രാജൻ.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ സമീപിച്ചത്. എന്നാൽ സഹായത്തിന് പകരമായി കുഞ്ഞിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിക്ക് സംശയം തോന്നി.
തുടർന്ന് പ്രതികളുമായി തർക്കമുണ്ടാകുകയും, പത്ത് ദിവസത്തോളം യുവതിയെ തടങ്കലിൽ പാർപ്പിച്ചുവെന്നുമാണ് പരാതി. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട യുവതി സാന്ത്വനം കേന്ദ്രത്തിലെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഒരു മാസം മുൻപാണ് പ്രതികൾ ഈരാറ്റുപേട്ടയിലെ തീക്കോയി പ്രദേശത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ ഇരുവരും മുമ്പും കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്.




