കോഴിക്കോട്: നഗരത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മയക്കുമരുന്ന് വേട്ട. 17 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. മലപ്പുറം പുളിക്കൽ സ്വദേശി ഷൗക്കത്ത് അലി, ഐക്കരപ്പടി സ്വദേശി സാലി എന്നിവരാണ് പിടിയിലായത്. ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ആനി ഹാൾ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. പന്തീരങ്കാവിലും ഉള്ളിയേരിയിലും എക്സൈസ് നടത്തിയ പരിശോധനയിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പന്തീരങ്കാവിൽ മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടുപേരെയും, ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി മറ്റുചിലരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ബ്രൗൺ ഷുഗറുമായി രണ്ട് പേർ കൂടി പിടിയിലായത്. നഗരത്തിൽ മയക്കുമരുന്ന് വ്യാപനം തടയാൻ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.



