കൊച്ചി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം നടത്തുന്ന ‘പുതുയുഗ യാത്ര’യ്ക്ക് പെരുമ്പാവൂരിൽ നൽകിയ ആവേശോജ്ജ്വലമായ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗും ഗൃഹപാഠവും നടത്തിയാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ആറുലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് തള്ളിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം അധികാരം ഒഴിയുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഓരോ മലയാളിയുടെയും തലയിൽ വലിയ കടബാധ്യത കെട്ടിവെച്ച നിലവിലെ സർക്കാർ, ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് ആധാരമാകേണ്ട സാമ്പത്തിക അടിത്തറയെ പൂർണ്ണമായും തകർത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഖജനാവിൽ പണം ഉണ്ടാകുമ്പോൾ മാത്രമേ ക്ഷേമപദ്ധതികൾ കൃത്യമായി നടപ്പിലാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സാധിക്കൂ. എന്നാൽ സാമ്പത്തിക മാനേജ്‌മെന്റിൽ സർക്കാർ അമ്പേ പരാജയപ്പെട്ടതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിലെത്തിയാൽ തകർന്നടിഞ്ഞ സാമ്പത്തിക രംഗത്തെ തിരിച്ചുപിടിക്കുമെന്നും ജനങ്ങൾക്ക് അദ്ദേഹം ഉറപ്പുനൽകി.










