തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജിയക്കുമെന്നും അതിന്റെ ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, പാര്‍ട്ടിക്ക് അതിന്റെതായ രീതിയുണ്ടെന്നും ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ നേതാക്കളെയെല്ലാം ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കി. ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചെന്നും 100 സീറ്റ് കിട്ടണമെന്നാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.




