കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ ചരിത്രം തിരുത്തുമെന്നും മണ്ഡലം യുഡിഎഫ് പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ജെൻ സീ വോട്ടുകൾ പൂർണമായും ഫാത്തിമ തഹലിയയ്ക്ക് അനുകൂലമായി ലഭിച്ചതായും അവർ അവകാശപ്പെട്ടു. വർഗീയ കാർഡുകൾ ഇറക്കിയിട്ടും എൽഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് നേടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. അതിൽ ഒമ്പത് സീറ്റുകളിൽ വിജയം ഉറപ്പാണെന്നും നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി ഫാത്തിമ തഹലിയയെ ലക്ഷ്യമിട്ട് തുടക്കം മുതൽ വർഗീയ പ്രചാരണം നടന്നുവെന്നും അവർ ആരോപിച്ചു.
ആദ്യഘട്ടത്തിൽ ജമാഅത്ത് ബന്ധം ആരോപിച്ചുവെന്നും അത് ഫലം കാണാതായതോടെയാണ് പിന്നീട് ‘ഖൗം’ വിവാദം ഉയർത്തിയതെന്നും ലീഗ് നേതൃത്വം പറയുന്നു. നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയിൽ വെച്ചാണ് വിവാദ അനൗൺസ്‌മെന്റ് തയ്യാറാക്കിയതെന്നും അവർ ആരോപിച്ചു.
കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങളാണ് അടുത്തിടെ കോഴിക്കോട് ജില്ലയിൽ നിന്ന് ഉയരുന്നതെന്നും, കാഫിർ സ്‌ക്രീൻഷോട്ടും ഖൗം വിവാദവും അതിന്റെ ഭാഗമാണെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഖൗം വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും, പല സ്ഥലങ്ങളിലും കള്ളവോട്ടുകൾ നടന്നതായും അവർ ആരോപിച്ചു. നാദാപുരത്തെ അഞ്ച് ബൂത്തുകളിൽ ക്രമക്കേട് നടന്നുവെന്നും പോലീസ് മൗനമായിരുന്നുവെന്നും ആരോപണമുണ്ട്.
സിപിഎം ഏറെ പ്രതീക്ഷ വെച്ചിരുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും തിരിച്ചടി നേരിടേണ്ടിവരുമെന്നും, മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.




