ചെന്നൈ: ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ചെപ്പോക്ക് ഞെട്ടിയെന്ന് തന്നെ പറയാം. ഒരു മയവുമില്ലാത്ത അടി. ഉര്‍വില്‍ പട്ടേല്‍ എന്ന 27കാരന്‍ ആദ്യ പത്ത് പന്തുകള്‍ നേരിട്ടത് ഇങ്ങനെ… 1, 6, 6, 6, 6, 6, 4, 6, 1, 0. പത്ത് പന്തില്‍ 42 റണ്‍സ്. 13 പന്തില്‍ ഫിഫ്റ്റിയും തികച്ച് താരം ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവുമെത്തി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം തൊട്ടപ്പോള്‍ ഉര്‍വില്‍ അഴിഞ്ഞാടി നേടിയ റണ്‍സ് നിര്‍ണായകമായി. താരം 8 കൂറ്റന്‍ സിക്‌സുകളും 2 ഫോറും അടിച്ച് വെറും 23 പന്തില്‍ 65 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്.
Witnessed Urvil Carnage 🔥🦁#WhistlePodu #CSKvLSG pic.twitter.com/dazNe1kHWc
— Chennai Super Kings (@ChennaiIPL) May 10, 2026
ഐപിഎല്‍ ഇന്നിങ്‌സില്‍ നേരിട്ട ആദ്യ എട്ട് പന്തില്‍ ആറും സിക്‌സര്‍ തൂക്കുന്ന ആദ്യ ബാറ്ററായി ഉര്‍വില്‍ മാറി. 8 പന്തില്‍ താരം 41 റണ്‍സ് അടിച്ചെടുത്തു. 8 പന്തില്‍ 33 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ആദ്യ പത്ത് പന്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇന്നലെ തൂക്കി. ആര്‍സിബി താരം എബി ഡിവില്ല്യേഴ്‌സ് 2015ല്‍ നേടിയ 41 റണ്‍സ് റെക്കോര്‍ഡാണ് പഴങ്കഥയായത്.
റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ ഉര്‍വിലിന്റെ ആഘോഷവും ശ്രദ്ധേയമായി. കൈകൂപ്പി പ്രാര്‍ഥിച്ച ശേഷം ഒരു ചെറിയ പേപ്പര്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു. ആ പേപ്പറില്‍ ഇത് അച്ഛനു വേണ്ടി എന്നു ഇംഗ്ലീഷിലും താഴെ ഗുജറാത്തിയിലും എഴുതിയിരുന്നു.






