തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ആരോപിച്ചു. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാൻ ധൃതിപിടിച്ചാണ് ഉത്തരവുകൾ പുറത്തിറക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും ഓഗസ്റ്റ് 20-ന് ആഭ്യന്തര വകുപ്പും പുറത്തിറക്കിയ ഉത്തരവുകളിൽ ക്രമക്കേടുണ്ടെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. മന്ത്രിമാർ അറിയാതെയാണ് ഉത്തരവുകൾ ഇറങ്ങിയതെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും കോർപ്പറേഷൻ സെക്രട്ടറി സുഗതനെ സഹായിച്ചുവെന്നും, സംഭവത്തിന് പിന്നിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. വിഷയത്തിൽ മുസ്ലിം ലീഗും ശബരീനാഥനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ. സുഗതൻ നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പിന്റെ മറുപടി വിവാദമായത്. പരോൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയെങ്കിലും, കൗൺസിലർ സ്ഥാനത്ത് അയോഗ്യത ഒഴിവാക്കാനുള്ള മാർഗങ്ങൾ കത്തിൽ വിശദീകരിച്ചിരുന്നു.
ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിന് അവധി അപേക്ഷ നൽകാൻ സാധിക്കുമെന്നും, കൗൺസിൽ അത് വോട്ടിനിട്ട് അംഗീകരിച്ചാൽ അയോഗ്യത ഒഴിവാക്കാനാകുമെന്നും ആഭ്യന്തര വകുപ്പിന്റെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ മുനിസിപ്പാലിറ്റി നിയമത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ് ഇത്തരത്തിൽ അവധി അപേക്ഷ അംഗീകരിക്കാനാകുന്നതെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ ചോദ്യം ചെയ്തു. ആഭ്യന്തര വകുപ്പിന്റെ കത്ത് ചൂണ്ടിക്കാട്ടിയാണ് മേയർ വി.വി. രാജേഷ് വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം, ആഭ്യന്തര വകുപ്പിന്റെ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി ശബരീനാഥൻ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾ ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും, ഇത് തിരുത്തിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർക്കാരും മുന്നണിയും ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




