തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ തെരുവിലേക്ക് നീങ്ങിയ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ വിഡി സതീശൻ അനുകൂലികളുടെ പ്രകടനങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം പുറത്തുവന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പൊതുവേദികളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും സംഘടനാ ഐക്യം നിലനിർത്തണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.
വിഡി സതീശന്റെ വാക്കുകൾ…
102 സീറ്റുമായി കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു.
നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.






