ഡൽഹി: പകൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ രാത്രിയിൽ മാത്രം മോഷണത്തിനിറങ്ങുന്ന ‘കച്ച ബനിയൻ’ സംഘം വീണ്ടും ഡൽഹി–എൻസിആർ മേഖലയിൽ സജീവമായി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ നിന്നുള്ള പർധി ഗോത്രവർഗക്കാരായ ഇവർ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വിവിധ പ്രദേശങ്ങളിൽ മോഷണങ്ങളും ആക്രമണങ്ങളും നടത്തി ഭീതി പരത്തുന്ന സംഘമായാണ് അറിയപ്പെടുന്നത്.
മേയ് ഒന്നിന് മാളവ്യ നഗറിലെ മണ്ഡൽ പാർക്കിൽ താമസിക്കുന്ന വ്യവസായി പ്രവീൺ കുമാറിന്റെ വീടാണ് സംഘം ലക്ഷ്യമിട്ടത്. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ആറംഗ സംഘത്തിൽ മൂന്ന് പേർ പുറത്തു കാവൽ നിന്നപ്പോൾ മറ്റുള്ളവർ ബാൽക്കണിയിലൂടെ വീടിനുള്ളിൽ കടന്ന് വാതിൽ തകർത്ത് മോഷണം നടത്തി. നാല് മിനിറ്റിനകം പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന് സംഘം കടന്നുകളഞ്ഞു. അടുത്ത ദിവസം രാവിലെയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.
തുടർന്ന് അംബേദ്കർ നഗറിലെ ജഹാൻപന്ന വനമേഖലയിൽ സംഘത്തെ കണ്ടെത്തിയെങ്കിലും അവർ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് തിരിച്ചടിച്ചതോടെ കാക്കേ, കൃഷ്, ശിവ എന്നിവർക്ക് വെടിയേറ്റു. മറ്റ് മൂന്ന് പേരെ പിന്നീട് ഗുണയിലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.
2025-ൽ നേബ്സരായിലെ ഒരു വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നര കോടി രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിലും കച്ച ബനിയൻ സംഘത്തിനാണ് സംശയം. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
1991-ൽ ലോധി കോളനിയിൽ മോഷണശ്രമത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തോടെയാണ് സംഘം കൂടുതൽ കുപ്രസിദ്ധരായത്. 2014-ൽ നരേലയിൽ 21 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും ഇവർ പ്രതികളായിരുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, മോഷണം ഇവർക്ക് വെറും കുറ്റകൃത്യമല്ല, തലമുറകളായി തുടരുന്ന ‘കുലത്തൊഴിൽ’ പോലെയാണ്. അടുത്ത ബന്ധുക്കൾ ചേർന്ന ഏഴോ എട്ടോ പേരടങ്ങുന്ന സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. കുട്ടികളെയും ചെറുപ്പം മുതൽ മോഷണരീതികൾ പഠിപ്പിക്കാൻ ഒപ്പം കൂട്ടാറുണ്ടെന്നും പൊലീസ് പറയുന്നു.
കോടികളുടെ മോഷണം നടത്തിയാലും ടെന്റുകളിലാണ് ഇവരുടെ താമസം. പണം തീരുമ്പോൾ നഗരങ്ങളിലെത്തി മോഷണം നടത്തുന്നതാണ് പതിവ്. മോഷണത്തിനിടെ കൊലപാതകം ഒഴിവാക്കാൻ ശ്രമിക്കുമെങ്കിലും മുഖം തിരിച്ചറിഞ്ഞെന്ന് തോന്നിയാൽ കൊല ചെയ്യാനും സംഘം മടിക്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മോഷണ മുതൽ പങ്കിടുന്നതിലും സംഘത്തിനുതന്നെ പ്രത്യേക രീതിയുണ്ട്. ആഭരണങ്ങൾ നേരിട്ട് പങ്കിടാതെ ഗ്രാമത്തിലെത്തിച്ച് ഉരുക്കിയ ശേഷമാണ് വിഭജിക്കുന്നത്. ഗുണയിലെ ഗ്രാമങ്ങളിൽ എത്തി ഇവരെ പിടികൂടുക പൊലീസിന് എളുപ്പമല്ല. ആയുധധാരികളായ നാട്ടുകാർ ശക്തമായി പ്രതിരോധിക്കാറുണ്ടെന്നും, സംഘാംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര വൈരാഗ്യങ്ങളാണ് പലപ്പോഴും പൊലീസിന് സഹായകരമാകുന്നതെന്നും അന്വേഷണ സംഘം പറയുന്നു.






