Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടന്നാക്രമണം, സങ്കീർണമായ കണക്കുകൾ, മുന്നണിയെ പിണക്കാതെ സമവായം… മദ്യനികുതിയിൽ മുഖ്യമന്ത്രിയുടെ പല മുഖങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വീര്യംകുറഞ്ഞ മദ്യത്തിൽ ആരോപണങ്ങൾക്ക് ഇപ്പോഴും നല്ല വീര്യം തന്നെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ആരോപണങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഒരു പ്രശ്നം മാത്രം, പറഞ്ഞ കണക്കുകളിൽ പകുതിയും ആർക്കും മനസിലായില്ല..! തന്റെ സ്വതസിദ്ധമായ ശൈലിയിൽ, കണക്കുകളും ആരോപണങ്ങളും പരസ്പരം കൂട്ടിക്കുഴച്ച് പ്രതിപക്ഷത്തെ പോലും കൺഫ്യൂഷനാക്കി, അവിടേയും ഇവിടേയും തൊടാതെയുള്ള ഒരു പ്രത്യേക തരം വിശദീകരണമായിരുന്നു വിഡി സതീശന്റേത്.

മദ്യം വിൽക്കുന്നതിന് മുന്നോടിയായി നികുതി ഏർപ്പെടുത്തിയതിൽ പിന്നാക്കംപോകാതെയും എന്നാൽ, സ്വന്തം പാർട്ടിയിലും മുന്നണിയിലും സമവായത്തിന് സാവകാശം തേടിയും ആ സങ്കീർണതയെ മുഖ്യമന്ത്രി നേരിട്ടെന്ന് പറയാതെ വയ്യ. ഒപ്പം ഇത്തരം മദ്യത്തിന് വാതിൽ തുറക്കുന്നതിനുള്ള നടപടിയാരംഭിച്ചത് എൽ.ഡി.എഫ്. സർക്കാരാണെന്ന് രേഖകൾ ഉദ്ധരിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യാനായിട്ടുണ്ട്.

പ്രതിപക്ഷം അഴിമതി ആരോപണം വരെ ഉന്നയിച്ച പ്രശ്‌നത്തിൽ ആക്രമണത്തിനും പ്രതിരോധത്തിനുമായി ദ്വിമുഖതന്ത്രമാണ് നിയമസഭയിൽ വി.ഡി. സതീശൻ സ്വീകരിച്ചത്. അതായത്, വീര്യംകുറഞ്ഞ മദ്യം ഒരു പ്രത്യേക വിഭാഗമായി ക്ലാസിഫൈ ചെയ്ത എൽ.ഡി.എഫ്. സർക്കാർ നടപടിയാണ് മുഖ്യമന്ത്രി ആയുധമാക്കിയത്. ബെക്കാർഡി മദ്യക്കമ്പനിയുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാനുള്ള അന്നത്തെ എക്സൈസ് മന്ത്രിയുടെ ഫയലിലെ നിർദേശം വായിച്ചായിരുന്നു ആരോപണം എതിർപാളയത്തിലേക്ക് തിരിച്ചത്. ഇപ്പോൾ തനിക്ക് എന്തുകിട്ടിയെന്ന മുദ്രാവാക്യത്തിന് അന്ന് എത്ര കിട്ടിയെന്ന ചോദ്യം പരോക്ഷമായി ചോദിച്ചായിരുന്നു പ്രത്യാക്രമണം. പക്ഷേ അപ്പോഴും ഇപ്പോൾ അങ്ങേക്കെതിരെ വരുന്ന ആരോപണങ്ങൾക്കുള്ള മറുപടിയാകുന്നില്ലല്ലോ അതെന്ന് തിരിച്ച് ചോദിക്കാം. അന്ന് പ്രതിഷേധം പരി​ഗണിച്ച് ഇടത് സർക്കാർ തള്ളിയ ആ അപേക്ഷ ഇന്ന് അങ്ങയുടെ സർക്കാരിനും തള്ളാവുന്നതല്ലേയുള്ളൂ എന്നത് നിസ്സാരമായ ഒരു ചോദ്യം.

മദ്യത്തിന് കൊണ്ടുവന്ന നികുതിനിർദേശം പിൻവലിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. പി.എം.ശ്രീയിലെ ചുവടുമാറ്റവും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, പ്ലീഡർ നിയമനം എന്നിവയിൽവന്ന തിരുത്തലുകൾക്കുപിന്നാലെ വീണ്ടുമൊരു പിൻനടത്തം സർക്കാർ ദുർബലമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. ഇതൊഴിവാക്കാനാണ് വീര്യംകുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാഞ്ഞത്. അല്ലെങ്കിൽ തന്നെ ഇപ്പോൾ, യുഡിഎഫ് എന്നാൽ യൂടേൺ ഡെമോക്രാറ്റിക് ഫ്രണ്ട് ആണെന്ന പരിഹാസം വന്നുകഴിഞ്ഞു. ഇനി ഇതിൽ നിന്നു കൂടി യൂടേൺ അടിച്ചാൽ എന്താവുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം.

പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ല. കോൺഗ്രസിൽ വി.എം. സുധീരൻ അടക്കം ഉയർത്തിയ എതിർപ്പ് അവഗണിക്കാനാവുമായിരുന്നില്ല. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരൻ ആഞ്ഞടിച്ചു. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തില്‍ പെടുന്നതാണെന്നുമാണ് സുധീരന്റെ നിലപാട്.

വീര്യം കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും മദ്യം മദ്യം തന്നെയാണെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രസ്താവനയും കണ്ടില്ലെന്നു നടിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ്. കൊണ്ടുവരുന്ന നയത്തിൽ വീര്യംകുറഞ്ഞ മദ്യം അംഗീകരിച്ചാലേ മുന്നോട്ടുപോകൂവെന്ന് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച ഈ രണ്ടുപേരെയും വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകാനാകൂവെന്ന പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരവഴി കണ്ടെത്തി.

പാർട്ടി-സർക്കാർ ഏകോപനമില്ലെന്ന സ്വന്തം പാളയത്തിലെ വിമർശങ്ങൾക്കുള്ള മറുപടിയും പ്രതിപക്ഷത്തിന്റെ തലയിൽ തന്നെ ചാരിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെകാലത്ത് ദൈനംദിന ഫയലുകൾ പോലും മുഖ്യമന്ത്രിയറിയാതെ എ.കെ.ജി. സെന്ററിൽ കൊണ്ടുപോയതുപോലെ തങ്ങൾ കെ.പി.സി.സി. ഓഫീസിലേക്ക് ഫയൽ കടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നയപരമായ കാര്യങ്ങൾ മാത്രം പാർട്ടിയിൽ ആലോചിക്കുമെന്നു പറഞ്ഞതിലൂടെ ഭരണത്തിന്റെ നിയന്ത്രണം തന്നിൽത്തന്നെയായിരിക്കുമെന്ന നയവും അദ്ദേഹം പ്രഖ്യാപിച്ചു. അല്ലെങ്കിൽ തന്നെ, എക്സൈസ് മന്ത്രി പോലും അറിയാതെ മദ്യനികുതിയിൽ തീരുമാനം പറഞ്ഞ മുഖ്യമന്ത്രിക്ക് എന്ത് മന്ത്രിസഭ, എന്ത് മുന്നണി!

പി.എം.ശ്രീ പദ്ധതി, ധാതുമണൽ ഖനനം എന്നിവയിലും നയം വ്യക്തമാക്കി. റദ്ദാക്കാനാകാത്ത കരാർ മുൻ സർക്കാർ ഒപ്പിട്ടതിനാൽ അതിൽനിന്ന് പിൻവാങ്ങാനാകില്ലെന്നാണ് പി.എം.ശ്രീയിൽ തുടരുന്നതിന്റെ ന്യായമായി പറയുന്നത്. ധാതുമണൽ ഖനനത്തിൽ സ്വകാര്യപങ്കാളിത്തമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ മേഖലയിലെ പുതിയ കേന്ദ്രനയത്തിന്റെ ബിസിനസ്സാധ്യത കണ്ടാണ് ചുവടുവെപ്പെന്നു വ്യക്തമാക്കി.

സംസ്ഥാനത്തിന് അവകാശപ്പെട്ട ധാതുമണൽ മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ കേന്ദ്രം തയ്യാറെടുക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനവർധനയ്ക്കുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന പ്രായോഗികബുദ്ധിയാകാം ഒരുപക്ഷേ മുഖ്യമന്ത്രിയുടെ മനസിലുള്ളത്. പക്ഷേ അതെല്ലാം ജനങ്ങൾക്ക് കൂടി മനസിലാകുന്ന രീതിയിൽ പറഞ്ഞുതരണ്ടേ.

ബാറുകളുടെ എണ്ണം 28ൽ നിന്ന് 900ലധികം ആക്കിയവർ ഞങ്ങളെ ഉപദേശിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എൽഡിഎഫ് നയങ്ങളാണ് സംസ്ഥാനത്ത് മദ്യവ്യാപനത്തിന് കാരണമെന്ന വാദത്തിന് മറുപടിയുമായി എംബി രാജേഷ് രം​ഗത്ത് വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ മദ്യം നിരോധിച്ചുവെന്നത് വാട്സാപ്പ് യൂണിവേഴ്സിറ്റി കഥയാണെന്നും മദ്യം നിരോധിച്ച് ബിയർ വിളമ്പുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ബാർ കോഴയും സുധീരനുമായുള്ള രാഷ്ട്രീയ പോരാട്ടങ്ങളുമായിരുന്നു അത്തരമൊരു തീരുമാനത്തിലേക്ക് ആ സർക്കാരിനെ എത്തിച്ചതെന്നും വ്യക്തം. അതായത്, ബാർ ലൈസൻസ് മാത്രമേ ബാറുകൾക്ക് അന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ, മദ്യ വിൽപ്പന മറ്റൊരു രീതിയിൽ തുടർന്നു.

എന്തായാലും കോൺ​ഗ്രസിനോടും യുഡിഎഫിനോടും മുഖ്യമന്ത്രി സതീശനോടും പറയാനുള്ളത് ഒന്ന് മാത്രമാണ്. ഔചിത്യം നിലനിര്‍ത്തിക്കൊണ്ടാവണം ജനാധിപത്യ സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുന്ന തീരുമാനം ഉണ്ടാകരുത്. ഒരുമാതൃക സര്‍ക്കാരായി പ്രവര്‍ത്തിക്കണം. ഓരോ തീരുമാനവും സുതാര്യത നിലനിര്‍ത്തി നേരെ ചൊവ്വെകാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞ് ഒരു കാരണവശാലും പിന്‍വാതില്‍ നടപടികള്‍ ഇല്ലാതെ മുന്നോട്ടുപോകണം. കേരളത്തെ വിദേശ മദ്യക്കമ്പനികൾക്ക് തീറെഴുതി കൊടുക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കാണിക്കണം.

Advertisement
WhiteswanTV Footer