ന്യൂഡല്‍ഹി: ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതല്‍ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ടോള്‍ പിരിവില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്രം.
സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിവില്‍ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയമാണ് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
2025 നവംബര്‍ 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നടപ്പിലാവുക എന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് പ്രശ്‌നം ഉണ്ടെങ്കിലോ, വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലെങ്കിലോ പണം നല്‍കിയാലും ഡിജിറ്റല്‍ പേയ്മെന്റ് നടത്തിയാലും സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടി നല്‍കേണ്ടിയിരുന്നു.
നവംബര്‍ 15 മുതല്‍ ഈ രീതി മാറും. ഇനി ഫാസ്ടാഗ് ഇല്ലാത്തവര്‍ പണമായി നല്‍കിയാല്‍ നിലവിലെ പോലെ ഇരട്ടി ടോള്‍ തുക തന്നെ നല്‍കണം.
ഫാസ്ടാഗ് ഇല്ലാത്തവര്‍ യുപിഐ പോലുള്ള അംഗീകൃത ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുകയാണെങ്കില്‍ സാധാരണ ടോള്‍ തുകയുടെ 1.25 ഇരട്ടി മാത്രം നല്‍കിയാല്‍ മതിയാകും.
ഉദാഹരണത്തിന് ഒരു വാഹനത്തിന്റെ ടോള്‍ ചാര്‍ജ് ഫാസ്ടാഗ് വഴി 100 രൂപ ആണെങ്കില്‍, യുപിഐ ഉപയോഗിക്കുന്നവര്‍ 125 രൂപയും പണമായി നല്‍കുന്നവര്‍ 200 രൂപയും അടയ്ക്കേണ്ടി വരും.
ടോള്‍ ബൂത്തുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഹൈവേ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കുന്നതിനും വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.




