ചെന്നൈ: എക്സിറ്റ് പോൾ ഫലങ്ങളെയും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് തമിഴകത്ത് ദളപതി വിജയ്‌യുടെ തേരോട്ടം നടന്നത്. ആക്സിസ് മൈ ഇന്ത്യ മാത്രമാണ് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് വൻ വിജയം പ്രവചിച്ചത്. 234 സീറ്റുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെ 98 മുതൽ 120 സീറ്റു വരെ നേടുമെന്നായിരുന്നു ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം. അതിലേക്ക് തന്നെയാണ് ഇപ്പോഴത്തെ പോക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നേട്ടത്തിലേക്കു കുതിക്കുന്ന ടിവികെ തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്തിയാകുകയാണ്.
ഇനി അറിയേണ്ടത് വിജയ്ക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമോ അതോ എഐഎഡിഎംകെയുമായി സഖ്യത്തിനൊരുങ്ങുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാലും വിജയ് തന്നെയാകും അടുത്ത തമിഴ്നാട് മുഖ്യമന്ത്രി. കമൽഹാസനും വിജയകാന്തും ശരത്കുമാറുമുൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് കാര്യമായൊന്നും ചെയ്യാനാവാതെ പോയ തമിഴ്നാട് രാഷ്ട്രീയത്തിൽ, അതുതന്നെയാവും വിജയ്‌യുടെ ഗതിയെന്നു പറഞ്ഞവർക്ക് മുന്നിലേക്കാണ് മുഖ്യമന്ത്രിയുടെ സീറ്റിലേക്ക് വിജയ് കയറുന്നത്.




