തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പോളിങ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് പോളിങ് ശതമാനം 79.63% ആണ്. ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കായതിനാൽ കണക്കുകളിൽ ഇനിയും മാറ്റം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ കണക്കുകൾ പുറത്തു വിട്ടത്.
കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിനോട് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും എല്ലാവർക്കും കൃത്യസമയത്ത് കണക്കുകൾ കൊടുത്തിട്ടുണ്ട് എന്നുമായിരുന്നു രത്തൻ ഖേൽക്കറുടെ മറുപടി. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തൻ ഖേൽക്കർ കൂട്ടിച്ചേർത്തു.




