ചെന്നൈ: അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുമെന്ന് തിരുച്ചിറപ്പള്ളി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി. നാഗരാജ് നടത്തിയ പരാമർശം വിവാദമായി. ഷോർട്സ് ധരിക്കുന്നവർ ശ്രദ്ധ ആകർഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ക്ലാസ് പ്രതിനിധികളുടെ യോഗത്തിലാണ് വിസി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിനെ തുടർന്ന് പരാമർശം പിൻവലിക്കണമെന്നും വിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്യാംപസിൽ പ്രതിഷേധിച്ചു. “വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് പ്രശ്നം” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
എന്നാൽ, യൂണിവേഴ്സിറ്റിയുടെ സൽപേര് ഉയർത്തുന്നതിനായാണ് നിർദേശം നൽകിയതെന്നാണ് വി. നാഗരാജിന്റെ പ്രതികരണം. വസ്ത്രധാരണം സ്ഥാപനത്തിന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും സമാനമായ വസ്ത്രധാരണ പരാമർശങ്ങളിലൂടെ നാഗരാജ് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. 2016ൽ ബെംഗളൂരുവിലെ ഒരു നിയമ സർവകലാശാലയിൽ അധ്യാപകനായിരിക്കെ നടത്തിയ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.




