ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഏറ്റവുമധികം ചർച്ചകളിൽ വന്നതും വാർത്തകളിൽ നിറഞ്ഞതുമായ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. അണൗൺസ്മെന്റ് വിവാദങ്ങളും ഫാത്തിമ തെഹ്ലിയയുടെ സാന്നിധ്യവും അതിനെതിരെ പ്രതികരിച്ച് ഇറങ്ങിയ നൂർബീന റഷീദും വാദപ്രതിവാദങ്ങളുമെല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു പേരാമ്പ്രയിലെ പ്രചരണ കാലം. പൊതുവെ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്ന മണ്ഡലം. ചരിത്രം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യവുമായാണ് ഇവിടെ ഇത്തവണ യുഡിഎഫ് ഇറങ്ങിയിരിക്കുന്നത്. വർഗീയ പ്രചാരണങ്ങൾ കൊണ്ട് തുടക്കം മുതൽ വിവാദങ്ങളായിരുന്നു ഇവിടെ. ഇടതിന്റെ ഉരുക്ക് കോട്ടകളിലൊന്നാണ് പേരാമ്പ്ര. ഇവിടെ ഒരു പുതുമുഖത്തെ നിർത്തിയത് തന്നെ ഒരു പരീക്ഷണമായിട്ട് ആകാം. ജെൻ സീ വോട്ടുകൾ മുഴുവൻ തനിക്ക് കിട്ടിയെന്ന് ഫാത്തിമ തെഹ്ലിയ പറയുമ്പോഴും അങ്ങനെ ജെൻ സീ വോട്ടുകൾ കൊണ്ട് മാത്രം ഒരു മണ്ഡലത്തിൽ ജയിക്കാനാവുമോ എന്നത് മറ്റൊരു ചോദ്യം.
കാർഷികമേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള മലയോരത്തിന്റെ മണ്ണ് എന്നും വീറുറ്റ രാഷ്ട്രീയപോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന ദേശംകൂടിയാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഓർമകൾ പേറുന്ന ഭൂമി. ഒട്ടേറെ കാർഷിക സമരങ്ങൾക്ക് സാക്ഷിയായ നാട്. 1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര മണ്ഡലം. ജില്ലയിലെ ഉറച്ചസീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ മേഖലയിൽ നേടിയ വൻമുന്നേറ്റമാണ് ഇത്തവണ യു.ഡി.എഫിന് വിജയപ്രതീക്ഷ പകരുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19,085 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് പേരാമ്പ്ര മണ്ഡലപരിധിയിൽ ലഭിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിലും എണ്ണായിരത്തോളം വോട്ടിന്റെ മേൽക്കൈ ഈ ഭാഗങ്ങളിൽ നിന്ന് യുഡിഎഫിന് ലഭിച്ചതുമാണ്. അതിനൊപ്പം വർഷങ്ങളായി എൽ.ഡി.എഫ്. കൈവശംവെച്ചിരുന്ന പഞ്ചായത്തുകൾ യു.ഡി.എഫ്. ഇത്തവണ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പത്ത് പഞ്ചായത്തിൽ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നിങ്ങനെ ആറെണ്ണത്തിലെ ഭരണം യു.ഡി.എഫിനൊപ്പമാണ്. നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ എന്നിവയാണ് ഇടതിനൊപ്പമുള്ളത്. കാലങ്ങൾക്ക് ശേഷമായിരുന്നു പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. നേടിയത്. ഈ അടിയൊഴുക്കുകൾ തന്നെയാണ് മുമ്പെങ്ങുമില്ലാത്ത ആവേശം യുഡിഎഫ് ക്യാമ്പിന് ഇത്തവണ പേരാമ്പ്രയിൽ നൽകുന്നതെന്ന് വ്യക്തം. പക്ഷേ ചാഞ്ചാടുന്ന വോട്ടുകളെ വലയെറിഞ്ഞ് പിടിക്കാൻ മാത്രം കരുത്തുള്ള സ്ഥാനാർത്ഥിയാണോ ഫാത്തിമയെന്നത് ഒരു പ്രധാന ചോദ്യമാണ്.
നാലാമങ്കത്തിനിറങ്ങുന്ന മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ടിപി രാമകൃഷ്ണനെ വീഴ്ത്താൻ മാത്രം വലിയൊരു അടിയൊഴുക്ക് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വോട്ടെടുപ്പ് കഴിഞ്ഞിട്ടുള്ള പൊതു വിലയിരുത്തൽ. ഈ വലത് മുന്നേറ്റത്തെ തടയാൻ തന്നെയാണ് മാനദണ്ഡയങ്ങളിൽ ഇളവ് നൽകി എൽഡിഎഫ് ടിപിയെ വീണ്ടുമിറക്കുന്നത്. 2001ലായിരുന്നു അദ്ദേഹം ഇവിടെ ആദ്യമായി എംഎൽഎ ആകുന്നത്. അനൗൺസ്മെന്റ് വിവാദങ്ങളും ഖൗം പരാമർശവും കാര്യമായി ഏൽക്കാതിരുന്നതോടെ പഴയ കാഫിർ സ്ക്രീൻഷോട്ട് വിവാദവും യുഡിഎഫ് ഇറക്കി നോക്കിയിട്ടുണ്ട് ഇത്തവണ. സിപിഎം കള്ളവോട്ടുകൾ ചെയ്തെന്നും സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്നും മറ്റും ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഫാത്തിമയുടെ സ്ഥാനാർത്ഥിത്വം ലീഗിനുള്ളിലെ ഏകകണ്ഠ തീരുമാനമല്ലായിരുന്നുവെന്ന് നൂർബീന റഷീദിന്റെ ആരോപണങ്ങൾ വന്നതോടെ വ്യക്തമായതാണ്. അതിനാൽ തന്നെ ആ രീതിയിൽ ഏതെങ്കിലും തരത്തിൽ വോട്ടുകൾ മറിഞ്ഞിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം മാത്രം മനസിൽ വെച്ച് വിജയം കണക്കുകൂട്ടുന്ന യുഡിഎഫിനെ ആശങ്കപ്പെടുത്തുന്ന ഒരു ചരിത്രവും ഈ മണ്ണിനുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് എൽ.ഡി.എഫ്. വിജയിച്ച് കയറിയ മണ്ഡലമാണിത്. 13,204 വോട്ടിന്റെ ലീഡ് കെ. മുരളീധരന് പേരാമ്പ്ര നിയമസഭാപരിധിയിൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു. എന്നിട്ടും പിന്നാലെ വന്ന നിയമസഭയിലേക്ക് ഇവിടത്തുകാർ മാറ്റിക്കുത്തി.
ഫാത്തിമ തെഹ്ലിയയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് ഒരു വിപ്ലവമാണ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി മികച്ച വിജയം നേടിയശേഷമാണ് നിയമസഭയിലേക്കുള്ള മത്സരത്തിന് ഫാത്തിമയെത്തുന്നത്. പുതിയതലമുറയുടെ പ്രതിനിധിയായി ഫാത്തിമയെ ഉയർത്തിക്കാട്ടി വോട്ടുചോദിക്കുമ്പോൾ, ട്രേഡ് യൂണിയൻ നേതാവായും രാഷ്ട്രീയനേതാവായും ജനപ്രതിനിധിയായും ടി.പി.യുടെ പരിചയസമ്പന്നതയാണ് എൽ.ഡി.എഫ്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്. ഇവിടെ ബിജെപി പിടിക്കുന്ന വോട്ടുകളും നിർണായകമാകും. ബി.ജെ.പി. കോഴിക്കോട് മേഖലാ സെക്രട്ടറി എം. മോഹനനാണ് മാറ്റുരച്ചിരിക്കുന്നത്.
പേരാമ്പ്രയിലെ ചരിത്രം ഒരിക്കലും കോൺഗ്രസിനോ കേരള കോൺഗ്രസിനോ ലീഗിനോ അനുകൂലമല്ല. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ നിലവിൽവന്ന മണ്ഡലം, പക്ഷേ വെറും രണ്ടുതവണ മാത്രമാണ് യുഡിഎഫിനെ തുണച്ചിട്ടുള്ളത്. 2011-ൽ രൂപമാറ്റം വന്നെങ്കിലും പേരാമ്പ്രയെന്ന പേര് കൈവിട്ടില്ല. സി.പി.ഐ.യിലെ കുമാരൻ മഠത്തിലായിരുന്നു ആദ്യ എം.എൽ.എ. 1970-ൽ കോൺഗ്രസിലെ മുൻമന്ത്രി ഡോ. കെ.ജി. അടിയോടി മത്സരിച്ചപ്പോൾ യു.ഡി.എഫിനൊപ്പം നിന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും യുഡിഎഫിനെ തുണച്ച പേരാമ്പ്രക്കാർ, പിന്നീട് ഇന്നുവരെ ഇടതിനൊപ്പം തന്നെയാണ്.
2016-ൽ ടി.പി. രാമകൃഷ്ണന് 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കഴിഞ്ഞ തവണ അത് 22,592 വോട്ടായി കുതിച്ചുയർന്നു. 1977 മുതൽ യു.ഡി.എഫിൽ കേരള കോൺഗ്രസ് മാണി വിഭാഗമാണ് മണ്ഡലത്തിൽ മത്സരിക്കാറുണ്ടായിരുന്നത്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് മാറിയതോടെയായിരുന്നു സീറ്റ് ലീഗിന് നൽകിയത്. യുഡിഎഫ് ഇത്തവണ വിഭാഗീയ പ്രചാരണങ്ങൾ നടത്തിയെന്നാണ് ഇടതിന്റെ ആരോപണം. വിഭാഗീയ പ്രചരണങ്ങൾ ഏശുകയും ബിജെപി വോട്ടുകൾ എൽഡിഎഫിലേക്ക് മാറുകയും ചെയ്തതിട്ടുണ്ടെങ്കിൽ പേരാമ്പ്രയിൽ വിജയിച്ച് കയറാനാകില്ലെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തൽ. ഒരുപക്ഷേ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നൂർബീന റഷീദ് മത്സരിച്ചിരുന്നുവെങ്കിൽ കുറച്ചെങ്കിലും ശക്തമായ പോരാട്ടം നടക്കേണ്ടിയിരുന്ന മണ്ഡലം. ലീഗ് ക്വാട്ടയിൽ ഒരു വനിത ജയിച്ച് കയറാനുള്ള സാധ്യതകളും ഇതിലൂടെ ഇല്ലാതാവുകയായിരുന്നു എന്നും പറയാം. അതിനാൽ തന്നെ ഒരിക്കൽ കൂടി ടിപിയെ പേരാമ്പ്രയുടെ പ്രതിനിധിയായി കാണാനുള്ള സാധ്യതകൾ വളരെ കൂടുതലുമാണ്. എങ്കിലും വോട്ടെണ്ണും വരെ കാത്തിരിക്കാം.






