തൃശ്ശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിൻ്റെ പേരിലാണല്ലോ ഇപ്പോൾ വിവാദങ്ങൾ കൊഴുക്കുന്നത്. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് തിയേറ്റർ ആർട്ടിസ്റ്റായ ചിന്നൂസ് ചിലങ്ക രംഗത്തെത്തുകയും ചെയ്തിരുന്നു. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്. പ്രചരിക്കുന്ന ഭാഗങ്ങൾ മാത്രം കണ്ടാൽ അങ്ങനെ തോന്നുകയും ചെയ്യും എന്നതാണ് പ്രശ്നം. ഭരണകൂടഭീകരതയെ കുറിച്ചാണ് ‘മിസ’ പറയുന്നതെന്ന് ചിന്നൂസ് ചിലങ്ക വ്യക്തമാക്കുന്നു.
നാടകം കൃത്യമായ രാഷ്ട്രീയമാണ് പറയുന്നതെന്നും ചരിത്രബോധമില്ലാത്തവർക്കും ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇരു കൂട്ടർക്കും ‘മിസ’ എന്ന നാടകം വലിയൊരു അടിയാണെന്നും ചിന്നു ചിലങ്ക പറയുമ്പോൾ, എന്താണ് മിസ പറയുന്ന ആ നാടകം എന്ന് അറിയേണ്ടേ?
1971ൽ പാർലമെൻ്റ് പാസാക്കിയ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് എന്നതിൻ്റെ ചുരുക്കപ്പേരാണ് മിസ (MISA). 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് രാഷ്ട്രീയ എതിരാളികളെയും മാധ്യമ പ്രവർത്തകരെയും അന്യായമായി തടവിലിടാൻ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ഈ നിയമപ്രകാരം അറസ്റ്റിലായി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രമുഖ സാമൂഹിക പ്രവർത്തകയും നടിയുമായിരുന്നു സ്നേഹലത റെഡ്ഡി.
ബെംഗളൂരു സെൻട്രൽ ജയിലിൽ എട്ടുമാസത്തോളം തടവിൽ കഴിഞ്ഞ അവർക്ക് ആസ്ത്മ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നിഷേധിക്കപ്പെട്ടു. പരോളിൽ ഇറങ്ങി ദിവസങ്ങൾക്കകം 1977ൽ അവർ ഹൃദയാഘാതം മൂലം മരിച്ചു. ഭരണകൂട ഭീകരതയുടെ ഇരയായ സ്നേഹലത റെഡ്ഡിയുടെ ജയിൽ ജീവിതവും പോരാട്ടവും പ്രമേയമാക്കിയാണ് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ‘മിസ’ എന്ന നാടകം വേദിയിലെത്തിക്കുന്നത്. 1975-ലെ അടിയന്തരാവസ്ഥയിൽ തുടങ്ങി ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭരണകൂടഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മിസ എന്ന നാടകം സംസാരിക്കുന്നത്. ആർക്കും അറിയാത്ത ചരിത്രങ്ങളെ കണ്ടുപിടിച്ച് പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ലോട്ടിംഗ് തീയറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു കലാരൂപം, അത് സംവധിക്കാൻ ശ്രമിക്കുന്നത് എന്തെന്ന് പോലും നോക്കാതെ ചില ഭാഗങ്ങൾ മാത്രമെടുത്ത് സദാചാരത്തിൻ്റെ കണ്ണിലൂടെ നോക്കുന്നവർ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒരു ജനത അനുഭവിച്ച പീഡനങ്ങളെയാണെന്നും പറയാതെ വയ്യ. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ഇതിനുമുൻപും നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഉണ്ടാകാത്ത വിവാദമാണ് ഇപ്പോൾ സൃഷ്ടിക്കുന്നതെന്ന് പറയുമ്പോൾ പ്രശ്നം അത് ഡിവൈഎഫ്ഐ വേദിയിൽ പ്രദർശിപ്പിച്ചതാണോ എന്ന് തോന്നിപ്പോകും.
നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് 1975-ൽ മിസ നിയപ്രകാരം ജയിലിലടയ്ക്കപ്പെട്ട സ്‌നേഹലതാ റെഡ്ഡിയുടെ ജീവിതം. ഭരണകൂടം കൊന്നുകളഞ്ഞ സ്‌നേഹലതാ റെഡ്ഡിയുടെ നാടകം ചെയ്തതുകൊണ്ട് മാത്രം ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സഫ്ദർ ഹഷ്മിയുടെ പിന്മുറക്കാരിയാണ് താനെന്ന് ചിന്നു നിലപാട് വ്യക്തമാക്കുന്നുണ്ട്. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ് സ്നേഹലതയുടേത്. ആ സ്നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്.
വിഷയം കത്തിയതോടെ നാടകം വീണ്ടും പൊതുസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐ. മിസ നാടകത്തിന്റെ പേരില്‍ സംഘടനയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നുണ്ട്. നാളെ നാടകം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. നാടകത്തിലെ രംഗങ്ങള്‍ മറ്റു പാട്ടിട്ട് വക്രീകരിച്ചു നല്‍കി, മനോവൈകൃതത്തിനനുസരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും പ്രവര്‍ത്തകരും നേതാക്കളും ആണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
നാടകവും അതിലെ രംഗങ്ങളും അടിയന്തരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാതെ കോട്ടയത്തെ കോണ്‍ഗ്രസുകാരുടെ പിന്‍ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അതിന് കാരണം ആ നാടകം മുന്നോട്ട് വെയ്ക്കുന്നത് അത്രമേല്‍ തീഷ്ണമായ ഒരു ചരിത്രമാണെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചത്.
വിഷയത്തിൽ കലാരംഗത്ത് നിന്ന് തന്നെയുള്ളവരും പ്രതികരണങ്ങളുമായി വരുന്നുണ്ട്. പൊതുവെ ഇടത് പാർട്ടികളേയും പ്രവർത്തനങ്ങളേയും നിശിതമായി വിമർശിക്കാറുള്ള ജോയ് മാത്യൂ മിസയെ പിന്തുണച്ച് രംഗത്ത് വന്നതാണ് അക്കൂട്ടത്തിലെ ശ്രദ്ധേയം. കാമം മാത്രമല്ല നഗ്നതയെന്നും ഔചിത്യം എന്നത് ഒരു കീഴടങ്ങലും അല്ലെന്നാണ് ജോയ് മാത്യു പറയുന്നത്. ‘ലൈംഗീക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ടു ഓരിയിടുന്നത്. ഇതേ സദാചാരവാദികൾ ‘നീല’കലർന്ന സിനിമകൾ ഇരുട്ടിലിരുന്നാസ്വദിക്കുന്നതിൽ തെറ്റ് കാണാത്തവരുമായിരിക്കും.അരനൂറ്റാണ്ട് മുമ്പ്വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്ത ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണ്. അവരാണ് ഇപ്പോൾ ഒരു നാടകത്തിലെ സ്ത്രീ ശരീരത്തെക്കുറിച്ചു പരിഹസിക്കുന്നത്.’ -ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.


