വാട്സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. മൊബൈൽ ഫോണുകളിലൂടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ കൈമാറാൻ വാട്സ്ആപ്പ് വലിയ സൗകര്യം നൽകുന്നു. കാലം മാറിയതോടെ ജോലി ആവശ്യങ്ങൾക്കും പഠനത്തിനും ബിസിനസ് ഇടപാടുകൾക്കും വരെ വാട്സ്ആപ്പ് ഒരു പ്രധാന ഉപാദിയായി മാറി.
ഇതിന്റെ വെബ് പതിപ്പായ വാട്സ്ആപ്പ് വെബ് നിലവിൽ ചാറ്റിംഗിനും ഫയൽ ഷെയറിംഗിനും മാത്രമായിരുന്നു പരിമിതമായിരുന്നത്. എന്നാൽ ഇനി വാട്സ്ആപ്പ് വെബിൽ തന്നെ ഓഡിയോയും വീഡിയോ കോളിംഗും ലഭ്യമാകുമെന്ന വാർത്ത ഉപയോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തതുപ്രകാരം, വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ വാട്സ്ആപ്പ് വെബിൽ കോളിംഗ് സൗകര്യം കൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് എന്നാണു. ഇതോടെ മൊബൈൽ ആപ്പ് തുറക്കാതെ തന്നെ ബ്രൗസറിലൂടെ നേരിട്ട് കോളുകൾ ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിലവിൽ ഡെസ്ക്ടോപ്പ് ആപ്പുകൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറിൽ കോളുകൾ ചെയ്യേണ്ടിവരുന്നത്. പുതിയ സംവിധാനമെത്തുന്നതോടെ, ബ്രൗസർ തുറന്നാൽ മാത്രം മതി, ഓഡിയോയും വീഡിയോ കോളുകളും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇത് പ്രത്യേകിച്ച് ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും ലാപ്ടോപ്പ് ഉപയോഗിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നവർക്കും ഏറെ സഹായകരമാകും.
വ്യക്തിഗത കോളുകൾക്ക് പുറമെ ഗ്രൂപ്പ് കോളിംഗ് സൗകര്യവും വാട്സ്ആപ്പ് വെബിൽ ലഭ്യമാകുമെന്നാണ് സൂചന. ഇത് ഓൺലൈൻ മീറ്റിംഗുകൾ, പഠന ക്ലാസുകൾ, ടീം ചർച്ചകൾ എന്നിവയ്ക്ക് ഏറെ പ്രയോജനപ്പെടും.










