കാലങ്ങളേറെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കാര്യമായ സ്ഥാനമൊന്നും ഇല്ലാതിരുന്ന ബിജെപിക്ക് ഇന്നതല്ല അവസ്ഥ. രണ്ട് മുന്നണികളെ പറ്റി മാത്രം ചർച്ച ചെയ്തിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയും എൻഡിഎയുമുണ്ട്. ഒ രാജഗോപാലിൽ തുടങ്ങി സുരേഷ് ഗോപിയിൽ എത്തിനിൽക്കുന്ന എൻഡിഎയുടെ യാത്ര ഇക്കുറി ലക്ഷ്യമിടുന്നത് ചരിത്രപരമായ മുന്നേറ്റമാണ്. സ്വർണ്ണക്കൊള്ള വിവാദവും ഡാറ്റ ചോർച്ചയും മറ്റും സൃഷ്ടിച്ച ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരവും കോൺഗ്രസിനുള്ളിലെ ചേരിപ്പോരുകളും തങ്ങൾക്കനുകൂലമാക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രത്തിൽ നിന്നുള്ള അകമഴിഞ്ഞ സഹായം കൂടിയാകുമ്പോൾ കേരളം ഇളക്കിമറിക്കാം എന്നാണ് കണക്കുകൂട്ടൽ. മാറാത്തത് മാറ്റാനാണ് ഇക്കുറി ബിജെപി രംഗത്തിറങ്ങുന്നതെന്ന് സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഇത്തവണ ശ്രദ്ധ കൂടുതൽ മധ്യകേരളത്തിലാണ്. അതിന് വജ്രായുധമായി കാണുന്നതാകട്ടെ, ട്വന്റി ട്വന്റിയേയും.
എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കൊച്ചിയിൽ രാജീവ് ചന്ദ്രശേഖറിന് കീഴിൽ അന്തിമ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ പ്രധാനമായും മുന്നണിയെ അലട്ടുക സീറ്റ് വിഭജനം എങ്ങനെയായിരിക്കണം എന്ന് തന്നെയാണ്. ഒറ്റയ്ക്ക് നിന്നാലും വോട്ട് പിടിക്കും എന്നതിനപ്പുറം ജയിക്കും എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന ആളുകൾ അധികമില്ലെന്നിരിക്കെ ഘടകകക്ഷികൾക്ക് എത്ര സീറ്റുകൾ കൊടുക്കണം എന്നതായിരിക്കും ചർച്ച. 30 സീറ്റുകൾ വീതം വേണമെന്നാണ് ബിഡിജെഎസും പുതുതായി കൂടെക്കൂടിയ ട്വന്റി ട്വന്റിയും ആവശ്യപ്പെടുന്നത്. എന്നാൽ ഘടകകക്ഷികൾക്ക് ഇത്രയും സീറ്റുകൾ കൊടുക്കുന്നതിനോട് ബിജെപിയിലെ രണ്ടാം നിര നേതാക്കൾക്ക് താൽപര്യമില്ല, കാരണം തങ്ങൾക്ക് സീറ്റ് കിട്ടില്ല എന്നത് തന്നെ.
എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. പക്ഷെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ട്വന്റി 20 ചെയര്‍മാന്‍ സാബു ജേക്കബും മത്സരിക്കാനില്ലെന്നാണ് ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ ഇരുവരും മത്സരിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
സാബു ജേക്കബ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ സര്‍വേ റിപ്പോര്‍ട്ട്. ക്രിസ്ത്യൻ വോട്ടുകൾ തന്നെയാകും ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ താനാണ് മുന്നിൽ നിന്നതെന്നാണ് സാബുവിന്റെ വാദം. സാബു മത്സരിച്ചില്ലെങ്കിൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന അഖിൽ മാരാറിനെ ഇറക്കാനാണ് സാധ്യത. ചാലക്കുടി, പെരുമ്പാവൂർ സീറ്റുകളിൽ താരപ്രമുഖരെ കളത്തിലിറക്കാൻ എൻഡിഎയുടെ തീവ്രശ്രമം. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുള്ള പലരേയും സമീപിച്ചെന്നും എന്നാൽ മിക്കവരും ഓഫർ നിരസിച്ചെന്നുമത്രേ വിശേഷം. ഒരു മുൻ നായിക നടി, നിലവിൽ നായക വേഷങ്ങൾ ചെയ്യുന്ന നടൻ, മുൻകാല നായകൻ തുടങ്ങിയവർ അടക്കമുള്ളവരെയാണ് എൻഡിഎ സമീപിച്ചത്. താൽപര്യമുള്ളവരെ ബിജെപി ടിക്കറ്റിലും അതില്ലാത്തവരെ ട്വന്റി 20 സ്ഥാനാർഥിയായും മത്സരിപ്പിക്കാം എന്നാണ് വാഗ്ദാനം. കായംകുളവും അരൂരുമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യതയുള്ളത്. 30 സീറ്റുകളിലാണ് കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ ഇതില്‍ കുറവ് വരും.
എറണാകുളം ജില്ലയില്‍ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകള്‍ ട്വന്റി20 എന്നാണ് ബിജെപിയില്‍ ചര്‍ച്ച. ചങ്ങനാശേരിയില്‍ ബി രാധാകൃഷ്ണ മേനോന്‍, കോട്ടയത്ത് എന്‍ ഹരി, ലിജിന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഉള്ളത്. കടുത്തുരുത്തിയില്‍ റെജി ലൂക്കോസിന്റെ പേരും പരിഗണിക്കുന്നു. ബിഡിജെഎസിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കിയേക്കും. കൂടെ കൂട്ടിയാൽ മാത്രം പോരല്ലേ, ആരേയും പിണക്കാനും പറ്റില്ല. ബിഡിജെഎസ് നേരത്തെ മത്സരിച്ച പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്നതിനാലാണ് ഈ മാറ്റം.
എന്തായാലും ട്വന്റി ട്വന്റിയുടെ വരവ് ഇത്തവണ ബിജെപിക്ക് ഗുണകരമാകുമോ അതോ വേലിയിലിരുന്ന പാമ്പിനെ കഴുത്തിലിട്ട പോലെയാകുമോ കഥയെന്ന് കണ്ടറിയാം.




