തൃശ്ശൂർ: ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30) അറസ്റ്റിൽ. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിക്കേറ്റ ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കുന്നതിനായി ഡീനസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ മേയ് 8-ന് രാത്രി ജിമ്മിന് സമീപം ഒളിച്ചിരുന്ന സിറിൾ, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജിസ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്, കഴിഞ്ഞ ദിവസം പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






