യുഡിഎഫിനെ സംബന്ധിച്ച് ഒരു ഈസി വാക്കോവറായിരുന്നു എക്കാലവും മലപ്പുറം ജില്ല. ലീഗിന്റെ കോട്ടയില്‍ കയറി മറ്റാരും ജയിച്ച ചരിത്രവും കാര്യമായി പറയാനില്ല. എന്നാല്‍ അങ്ങനെയൊരു ചരിത്രം കുറച്ച് കാലമായി പേറാത്ത ഒരു മണ്ഡലമുണ്ട് മലപ്പുറത്ത്. തവനൂര്‍. ജില്ലയിലെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയോളം ആവാറായെങ്കിലും ഇപ്പോഴും കൃത്യമായൊരു വിലയിരുത്തല്‍ നടത്താനാവാത്ത സ്ഥിതിയാണ് തവനൂരിലെന്ന് പറയുമ്പോള്‍ ഊഹിക്കാം മത്സരത്തിന്റെ കാഠിന്യം. അതിനാല്‍ത്തന്നെ ഏവരും ഉറ്റുനോക്കുന്നതും തവനൂരിലെ ഫലമായിരിക്കും.
മൂന്ന് തവണ ജയിച്ച്, നാലാമതും പോരിനിറങ്ങുന്ന കെടി ജലീല്‍ ഒരു വശത്ത്. ഒരു ശതമാനംപോലും ക്രിസ്ത്യന്‍ വോട്ടര്‍മാരില്ലാത്ത മണ്ഡലത്തിലേക്ക് വി.എസ്. ജോയ് എന്ന യുവാവിനെ മത്സരത്തിനയച്ച് യഥാര്‍ഥ കേരള സ്റ്റോറി തവനൂരില്‍ പിറക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന്റെ ആത്മവിശ്വാസം മറുവശത്ത്. വലിയ തിരക്കായിരുന്നു ഇത്തവണ മണ്ഡലത്തില്‍ വോട്ടെടുപ്പിന് കണ്ടത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളേക്കാള്‍ ഉയര്‍ന്ന നിരക്കായ 77.08 ശതമാനത്തിലാണ് പോളിങ് അവസാനിച്ചത്. (2016-ല്‍ 76.65, 2021-ല്‍ 74.38 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.) 2.7 ശതമാനത്തിന്റെ വര്‍ധന. ഇത് ആര്‍ക്ക് അനുകൂലമാണ്, ആര്‍ക്ക് എതിരേയാണ് എന്നതാണ് മുന്നണികളുടെ കണക്കുകൂട്ടല്‍.
ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ പോള്‍ ചെയ്തിട്ടുണ്ടെന്നതാണ് നിര്‍ണായകം. പി.ഡി.പിയുടെ പിന്തുണ എല്‍.ഡി.എഫിനൊപ്പമായിരുന്നു എന്നത് വളരെ നിര്‍ണായകമാകും. അതിനാല്‍ തന്നെ ആ സമുദായക്കാരനായ കെടി ജലീലിന് നേരിയ മുന്‍തൂക്കമെങ്കിലും ഈ ഘട്ടത്തില്‍ പ്രവചിക്കാം. എങ്കിലും ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണുള്ളത്. ഇടത് സര്‍ക്കാരിനെ പുറത്താക്കാനുള്ള കേരള ജനതയുടെ പൊതുവായ തീരുമാനത്തിന്റെ പ്രകടനമാണ് വോട്ടെടുപ്പിലുണ്ടായ ആവേശത്തിനു കാരണമെന്ന വിലയിരുത്തലാണ് യുഡിഎഫ്് നടത്തുന്നത്. അതായത്, പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനം കരുതിക്കൂട്ടി വോട്ട് കുത്തിയതാണെങ്കില്‍ ആ ഒഴുക്കിനെ അതിജീവിച്ച് പിടിച്ചുനില്‍ക്കാന്‍ ജലീലിനും കഴിയില്ലെന്നും വി.എസ്. ജോയ് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നതുമാണ് വലത് കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. എസ്.ഡി.പി.ഐ. പല മണ്ഡലത്തിലും എല്‍.ഡിഎഫിനെ തുണച്ചെങ്കിലും തവനൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു എന്നത് കൂട്ടിവായിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വോട്ടുപിടിച്ച അവര്‍ ഇത്തവണ അയ്യായിരത്തോളം വോട്ടുപിടിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ പണികിട്ടുക ജലീലിന് തന്നെയാകും.
സിപിഎം- ബി.ജെ.പി. ആരോപണങ്ങളും മത്സരിക്കാനില്ലെന്നു പറഞ്ഞ് മാറിയ സമയത്ത് ജലീല്‍ പറഞ്ഞ കാര്യങ്ങളുമെല്ലാം അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഒരുപക്ഷേ അതും തിരിഞ്ഞുകൊത്താം. ഒപ്പം ജോയിയെ നിര്‍ത്താന്‍ മാത്രം യുഡിഎഫിന് കിട്ടിയ ആത്മവിശ്വാസവും ഇടത് ക്യാമ്പിന് ചെറിയ ആശങ്കയെങ്കിലും നല്‍കാം. കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളെവരെ കൊണ്ടുവന്ന് നടത്തിയ പ്രചാരണവും ജോയിക്ക് അനുകൂലമായേക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അതേ രീതിയിലാണ് ഇത്തവണത്തെ വോട്ടെടുപ്പ് നടന്നിട്ടുള്ളത്. 4000 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നു ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാണ് ജോയിയുടെ പ്രതീക്ഷ. വട്ടംകുളം പഞ്ചായത്തില്‍ നിന്ന് 1500 വോട്ടിന്റെ ലീഡ് ലഭിച്ചാല്‍തന്നെ വിജയം ഉറപ്പാകുമെന്നാണ് ജോയിയുടെ കണക്കുകൂട്ടല്‍. ഒപ്പം ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ വിദേശ ട്രിപ്പ് ഓഫര്‍ ചെയ്ത ലീഗ് നേതാവ് സിപി ബാവയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇത്തവണ തവനൂരിലെ സ്ഥാാനര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം രണ്ട് മുന്നണികള്‍ക്കുമുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ജലീല്‍ ഇല്ലെങ്കില്‍ പിന്നെയാരെന്ന ചോദ്യം സി.പി.എമ്മിനെ വലച്ചു. പല നേതാക്കളെയും പരിഗണിച്ചെങ്കിലും വിജയസാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ഒടുവില്‍ ജലീലില്‍ തന്നെ കറങ്ങിത്തിരിഞ്ഞെത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ നല്ലൊരു വിഭാഗത്തിന്റെ അതൃപ്തിക്കും കാരണമായി. പിന്നീട് ഇവരെയെല്ലാം ഒന്നിച്ച് നിര്‍ത്തി പ്രചാരണത്തിനിറക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും തുടക്കത്തിലെ ആ മെല്ലെപ്പോക്ക് ബാധിച്ചോ എന്നറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കണം.
യുഡിഎഫിനും തുടക്കത്തില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ഒരു തീരുമാനമില്ലാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ മണ്ഡലം മുസ്ലിം ലീഗിന് നല്‍കി ഒരു പ്രാദേശിക നേതാവിന് സീറ്റ് കൊടുക്കാമെന്ന് ധാരണയായെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നതുമാണ്. പിന്നീട് ഇടഞ്ഞ ആ നേതാവിന് രാജ്യസഭാസീറ്റടക്കം വാഗ്ദാനംചെയ്ത് അനുനയിപ്പിച്ചാണ് വി.എസ്. ജോയിയെ പ്രഖ്യാപിച്ചതെന്ന് അടക്കം പറച്ചില്‍. പക്ഷേ സംസ്ഥാനത്ത് മൊത്തത്തില്‍ സംഭവിച്ച പോലെ കോണ്‍ഗ്രസിന്റെ തീരുമാനം വന്നപ്പോഴേക്കും ജലീല്‍ പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി, പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം എന്നീ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ്. ഭരണം നേടുകയും 9492 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്‌തെങ്കിലും നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ടിങ് രീതിക്ക് മാറ്റങ്ങള്‍ വരാം. ഒപ്പം മണ്ഡലത്തില്‍ ജലീലിനുള്ള വ്യക്തിപരമായ സ്വാധീനവും ബന്ധവും എല്‍.ഡി.എഫിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടായി. കാന്തപുരത്തിന്റെ നിലപാടും അനൂകൂലമായി ജലീല്‍ കാണുന്നു. 10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ജലീല്‍ അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞതവണ ജലീലിന് ലഭിച്ച 2564 വോട്ടിന്റെ ഭൂരിപക്ഷത്തിനൊപ്പമെങ്കിലും എത്തുമെന്നാണ് ഇടത് ക്യാമ്പിന്റെ വിശ്വാസം.
ഇവിടെയാണ് വലിയ രീതിയിലല്ലെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകുന്നത്. എന്തായാലും ഇനി മൂന്നാഴ്ച്ച കൂടി കാത്തിരുന്നാല്‍ മതി, ജലീലിന്റെ വാഴ്ച്ച വിഎസ് ജോയിയിലൂടെ യുഡിഎഫ് അവസാനിപ്പിക്കുമോ അതോ ഭരണത്തുടര്‍ച്ചയ്ക്കായിരുന്നോ ജനം വോട്ട് കുത്തിയത് എന്നറിയാന്‍.




